Pages

Sunday, March 20, 2011

വട്ടന്‍ഇത്തിരി വട്ടിന്‍റെ
കോട്ടയ്ക്ക് മുകളിലാണ്
ഒത്തിരി ദൂരെനിന്ന്
നീയെന്നെ കണ്ടത്.

ചെങ്കോലും കിരീടവും
സിംഹാസനവും
എനിക്കുണ്ടെന്നത്‌
നിന്‍റെ സങ്കല്‍പ്പമായിരുന്നു.

ഞാന്‍ അവിടെയൊരു
തടവുകാരനായിരുന്നെന്ന സത്യം
മനസിലാക്കുമ്പോള്‍ മാത്രമാണ്
നീയെന്നെ തിരിച്ചറിയുക.
അന്നെന്‍റെ ശരീരം മരവിച്ചിരിക്കും.

കെട്ടിറങ്ങുമ്പോള്‍പുകച്ചുരുളുകളില്‍
ചിന്തകള്‍ മുളപൊട്ടി,
മദ്യം പകര്‍ന്ന വീര്യത്തില്‍
വിപ്ലവം വിറകൊണ്ടു,
കഞ്ചാവ് ബീഡികളില്‍
കവിതയുണര്‍ന്നു,

ഒരു രാത്രിയകലെ
ഒഴിഞ്ഞ കുപ്പികളും
ബീഡിക്കുറ്റികളും
നടക്കാത്ത സ്വപ്നങ്ങളും
കരിഞ്ഞുണങ്ങിയൊരു
കൊഞ്ഞാണന്‌ കൂട്ടിരിക്കുന്നുണ്ടാകും

വിളി

പിന്നിലെ വയലും
തൊഴുത്തിലെ പശുക്കളും
അച്ഛനെ, മുത്തശ്ശനെ.
കരിപുരണ്ട ചിമ്മിനിയടുപ്പുകളും
അടുക്കളപ്പുറത്തെ -
പച്ചക്കറിത്തോട്ടവും
അമ്മയെ, മുത്തശ്ശിയെ.
ആരും എന്നെ വിളിക്കുന്നില്ല,
ഹെഡ്ഫോണ്‍ വെച്ചതുകൊണ്ടാവാം
ഒന്നും ഞാന്‍ കേട്ടതുമില്ല.

മടുപ്പ്

ഇരിക്കുന്നു,
നിവര്‍ന്നിരിക്കുന്നു,
കുനിഞ്ഞിരിക്കുന്നു,
സമയം നോക്കുന്നു,
പലതവണ നോക്കുന്നു,
ഇരുട്ട് നിറയുന്നു,
കണ്ണടയുന്നു,
കൂട്ടുകാരന്‍ വിളിക്കുന്നു,
ക്ലാസ് കഴിഞ്ഞെന്നു പറയുന്നു....

ഉറക്കം നടിച്ചോട്ടെഗാഡനിദ്രയുടെ
ആഴങ്ങളെക്കാള്‍
കരുത്തുള്ളതായിരുന്നില്ല
നിന്‍റെ ഫോണ്‍കോളുകള്‍.

ശൂന്യതയേകിയ
മറവി നേരങ്ങളെക്കാള്‍
സുഖമുള്ളതായിരുന്നില്ല
നിന്നെക്കുറിച്ചുള്ള
ചിന്തകള്‍.

മിസ്ഡ് കോളുകള്‍
കാണുന്നുവെങ്കിലും
ഇത്തിരി നേരംകൂടി ഞാന്‍
ഉറക്കം നടിച്ചോട്ടെ...!!!

"വലിയ പടത്തലവന്‍"" നീ വികസന വിരോധി,
കാലഹരണപ്പെട്ട പുണ്യവാളന്‍,
അച്ചടക്ക രഹിതന്‍,
പാര്‍ട്ടിക്കതീതന്‍".

പൊറുക്കൂ പാപികളോട്,
വിമര്‍ശന ശരങ്ങളോട്,
കല്ലെറിഞ്ഞ കൈകളോട്,
കാലം മാറ്റിയെഴുതിയ
പ്രത്യയശാസ്ത്രത്തോട്‌.

കുത്തുവാക്കുകള്‍
കേട്ടുനില്‍ക്കുവാന്‍
സമയമില്ല, ഇനിയും
സമരമുണ്ട്, പോരാട്ടമുണ്ട്.
പ്രതികരിക്കുവാന്‍
ആദര്‍ശ ധീരനായ്‌
"വലിയ പടത്തലവന്‍"
വരിക വീണ്ടും......

Tuesday, March 1, 2011

ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്


ഒറ്റ ബോഗിയുള്ള,
ഓട്ടം നിലയ്ക്കാത്ത,
കണ്ണീരു വണ്ടി.
നിറയെ ശവങ്ങള്‍.
ജീവനുണ്ട്,
സംസാരിക്കുന്നില്ല,
ശവത്തില്‍ കുത്തിയിട്ടും
പ്രതികരിക്കുന്നില്ല.
ഇടയ്ക്കിടെ,
ഒരു ഞരക്കം മാത്രം.
ഫെമിനിസ്റ്റ് ശവങ്ങള്‍
ഉറക്കെ, നിശബ്ദമൊരു
വിമോചന കവിത ചൊല്ലുന്നു.

കിളിരൂര്‍, സൂര്യനെല്ലി,
അമ്പലപ്പുഴ, തൃശ്ശൂര്‍
ഓരോ സ്റ്റെഷനില്‍നിന്നും
ആളുകള്‍ കയറുന്നു.
കൊന്നതാണ്,
നാവു പിഴുത്,
നടു തളര്‍ത്തി,
കൂര്‍ത്തൊരായുധത്താല്‍
മുറിപ്പെടുത്തി....

പ്രതിയെക്കണ്ടാലറിയാം.
തെളിവ് നല്‍കുവാന്‍,
മാറും അടിവയറും.
മൊഴി കൊടുക്കുവാന്‍,
മുലകുടി മാറാത്തൊരു കുഞ്ഞും.