Pages

Monday, October 4, 2010

വിദ്യാര്‍ത്ഥി


ഉപ്പുചാക്കുകള്‍പോലെ
പുസ്തകക്കെട്ടുംപേറി-
ക്കൂട്ടിനായാരുമില്ലാതെ
നടക്കാന്‍ വിധിക്കപ്പെട്ടോര്‍.

കളിയും ചിരിയും മാഞ്ഞു,
കൂട്ടുകൂടിക്കരച്ചിലും പോയി
"ടീച്ചറേ.. ഇവളെന്നെ പിച്ചി"
എവിടെയും കേള്‍ക്കാതെയായി.

സ്ലേറ്റുമായിക്കാന്‍ പഴയ
മരപ്പച്ചയെവിടെപ്പോയി ?
കണ്ണുനീര്‍ത്തുള്ളിയും കൂട്ടരും
കാശിക്കു പണ്ടേപോയി.

വീട്ടിലേക്കോടുംവഴിയില്‍
പൂമ്പാറ്റ കാത്തുനില്‍ക്കുമോ?
ഇലപ്പൊതികെട്ടാന്‍ വാഴ
തൊടിയില്‍ ബാക്കിയുണ്ടാകുമോ?

സ്കൂളിലേക്കെന്നും കാല-
ത്തെത്തിക്കും മുത്തച്ഛനും
മാറിപ്പോയ്‌.. അങ്ങേരിന്ന്
ടി.വി കണ്ടിരിക്കുന്നു.

നാരങ്ങ മിട്ടായിയും
കുറിയും കൊച്ചു പെട്ടിയും
ഉച്ചയ്ക്ക് കഞ്ഞിയും പയറും
സ്കൂള്‍മുറ്റത്തോടിക്കളിയും.

അപ്പക്കണ്ടിസ്ലേറ്റും പെന്‍സിലും
റൂളിയും മായിക്കഡബറും
ഒരു കൊച്ചു തൂക്കുപാത്രവും
എങ്ങോ വച്ചുമറന്നുപോയ്‌.

മുതുകില്‍ ഭാണ്ഡവുംപേറി-
ക്കഴുത്തിലൊരു കുരുക്കുംകെട്ടി-
ക്കൂട്ടിനായ് ആരുമില്ലാതെ
നടക്കാന്‍ വിധിക്കപ്പെട്ടോര്‍.

ജനിച്ചു വീഴുമ്പോഴെ
ടിന്‍ഫുഡ് കൊടുക്കുന്നു
സെര്‍ലാക്കും ഹോര്‍ലിക്സും
കലക്കിക്കുടിക്കുന്നു.

ബ്രോയിലര്‍ കോഴിപോല്‍
വളര്‍ത്തിയെടുക്കുന്നു
പറയാം നമുക്കെല്ലാം..
" I am a complan boy"

ഒരുവന്‍ ജനിക്കുമ്പോഴേ
അഡ്മിഷന്‍ ബുക്ക് ചെയ്യുന്നു
പഠിച്ചാലും ഇല്ലെങ്കിലും
ട്യൂഷനായയക്കുന്നു.

ക്ലാസ്സില്‍ ഫസ്റ്റടിക്കുവാന്‍
വഴിപാട് കഴിക്കുന്നു.
പരസ്പരം ജയിച്ചും തോല്‍പ്പിച്ചും
കയ്യടി മേടിക്കുന്നു.

വയറ്റിലിരിക്കുമ്പോഴേ
പ്ലാനിങ്ങ്‌ നടത്തുന്നു.
ഡോക്ടറോ? എന്ജിനിയറോ?
അല്ലെങ്കില്‍ ഐ ടി ഫീല്‍ഡോ?

ബാല്യത്തിന്‍ സൗഭാഗ്യങ്ങള്‍
ഒന്നൊന്നായെരിഞ്ഞിടുന്നു,
പുസ്തകക്കെട്ടിനുള്ളിലെ
യന്ത്രങ്ങള്‍ ഇന്ന് കുഞ്ഞുങ്ങള്‍.

കളിക്കാനറിയാത്ത,
ചിരിക്കാനറിയാത്ത
പാവങ്ങള്‍ ഈ പാവകള്‍
നാളെയുടെ വാഗ്ദാനങ്ങള്‍.................

കാണുന്നു ഞാന്‍.


കാണുന്നു ഞാന്‍ നിന്‍റെയാത്മാവിന്നാകാശ-
വീഥിയില്‍ കാലം വരച്ചിട്ട വാക്കുകള്‍.
കാണാമെനിക്കുനിന്‍ നെറ്റിയില്‍ തോക്കിന്‍-
കുഴല്‍നാട്ടി നില്‍ക്കും കൊടുംകള്ള നിഴലുകള്‍.

അറിയുന്നു ഞാന്‍ നിന്നിലിനിയും മരിക്കാത്ത
കനവും കിനാവും കുറുങ്കുഴല്‍ നാദവും.
കേള്‍ക്കുന്നു ഞാന്‍ നിന്‍റെ തേങ്ങല്‍ പലപ്പോഴും
കരയുവാനാവാതെയിടറുന്ന ശബ്ദവും.

അമ്മേ സഹിക്കനിന്‍ മക്കളിന്നേതോ
കളിക്കൂത്തു കാണുന്ന പെടുമരപ്പാവകള്‍
കാണാമെനിക്കിന്നു കാട്ടാളനാകും
മനുഷ്യന്‍റെ കണ്ണിലെക്കനലിന്‍ ചുവപ്പുകള്‍.

റോക്കറ്റിലേറിക്കുതിക്കുന്നു ചന്ദ്രന്‍റെ-
യുച്ചിയില്‍ തൊട്ടെന്നവന്‍ വീമ്പിളക്കുന്നു.
പഴയ നാട്ടറിവുകള്‍ തട്ടിത്തെറിപ്പിച്ച്
പുതുമകള്‍ തേടിപ്പറക്കുന്നു മാനവന്‍.

അരികിലെത്തൊടിയിലേക്കെത്തിനോക്കീടുവാന്‍
സമയമില്ലാത്തവര്‍ പുതുകാലസൃഷ്ടികള്‍
അധിനിവേശത്തിന്‍റെ അപ്രമാദിത്വത്തി-
ലരയുന്നിതായിരം ചെറുപുഴുക്കോലങ്ങള്‍.

അഞ്ചക്കശമ്പളം നേടുവാനാലയില്‍
തല്ലിപ്പഴുപ്പിച്ചെടുക്കും കുരുന്നുകള്‍
പാടങ്ങളെല്ലാം കരിഞ്ഞുപോയ് പാട്ടിന്‍റെ-
യീണങ്ങളെല്ലാം പതിയേ മറഞ്ഞുപോയ്‌.

ഭീകരരെന്നും വിരുന്നുകാര്‍ സമ്മാനം
സൈക്കിളില്‍ വെച്ചിട്ട് തിരികേ നടന്നുപോം,
കത്തിയും കൊടുവാളുമട്ടഹാസങ്ങളും
പെരുകുന്നു രാഷ്ട്രീയപ്പോരിന്‍ കളങ്ങളില്‍.

ലക്ഷങ്ങളെണ്ണിക്കൊടുക്കുവാനില്ലാതൊ-
ടുങ്ങുന്നു രജനിമാരിന്നും പതിവുപോല്‍
എന്നും വിവാദങ്ങള്‍ ചെഞ്ചോരച്ചിത്രങ്ങള്‍
മാധ്യമക്കഴുകന്മാര്‍ കൊത്തിപ്പറിക്കുന്നു.

കാണുന്നു ഞാനിന്ന് നാശത്തിന്‍വായില്‍
പിടയ്ക്കുന്ന നാടിന്‍റെയവസാന ദൃശ്യങ്ങള്‍.
നോക്കുന്നു ഞാനുറ്റുനോക്കുന്നു മര്‍ത്ത്യന്‍റെ
നെഞ്ചില്‍ തറക്കുന്നൊരായിരം കത്തികള്‍.

അമ്മേ നിന്‍ മക്കള്‍ നശിച്ചവര്‍ പോകട്ടെ
പൊന്തട്ടെ ഇന്നിന്നുയിര്‍പ്പിന്‍ കുരുന്നുകള്‍
സര്‍വ്വം സഹിക്കുക, കാക്കുക മാറ്റത്തി-
നാരവം ദൂരെനിന്നെങ്ങോ വരുന്നുണ്ട്.........

നാട്ടിലേക്ക്....
ഏറെനാളായി കാത്തിരിക്കുന്നു ഞാന്‍
നാട്ടിലേക്ക് തിരിച്ചുപോയീടുവാന്‍..
കൂട്ടിലേക്ക് പറന്നു ചേക്കേറുവാന്‍,
കാത്തിരിക്കും മുഖങ്ങളെക്കാണുവാന്‍.

കുട്ടനെത്തുന്നു.. അമ്മയും ചേച്ചിയും
കാത്തിരിപ്പിന്‍ തിരശ്ശീല താഴ്ത്തുന്നു,
അച്ഛനെന്നും തിരക്കാവുമെങ്കിലും
കാര്യമായെന്നെ എന്നും തിരക്കിടും..

കാത്തിരിക്കുന്നു നല്ലിളം കാറ്റിനാല്‍...
നാട് നല്‍കുന്ന നല്‍വരവേല്‍പ്പിനായ്..
കൂട്ടുകാരാ വരുന്നു ഞാന്‍ നിന്റെ
കൂട്ടുകൂടുവാന്‍, കൂടെക്കലമ്പുവാന്‍

ഒത്തു ചേര്‍ന്നില്ല, ഒന്നിച്ചിരുന്നില്ല,
ഒട്ടു കല്യാണസദ്യ ഞാനുണ്ടില്ല..
വിഷുവിനെത്തുവാനായില്ല വീട്ടുകാര്‍-
ക്കൊപ്പമൂണ് കഴിക്കുവാനായില്ല..

ചുണ്ടിലൂറുന്ന പാല്‍പ്പായസം, നാവില്‍
വെള്ളമൂറുന്ന നാടന്‍ കറികളും..
വീട്ടിലെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍
നല്ല കുത്തരിച്ചോറുകഴിക്കുവാന്‍....

പുഴകള്‍, പാഠങ്ങള്‍, പല വിളിപ്പേരുകള്‍,
വീട്ടിലറിയാതെ പൊയ സിനിമകള്‍..
പന്തുതട്ടും കളിസ്ഥലങ്ങള്‍ നമ്മള്‍
പണ്ടുതൊട്ടേ തുടങ്ങിയ ശീലങ്ങള്‍..

എത്തിനോക്കിയിട്ടോടിയോളിക്കുന്ന
തൊട്ടടുത്തുള്ള വീട്ടിലെക്കുട്ടികള്‍..
കൊത്തുകൂടുന്ന കാക്കകള്‍, കാലത്ത്
കോട്ടുവായിട്ടു കൊക്കുന്ന കോഴികള്‍..

ഒറ്റമുറിയിലെ ചുറ്റുനാലതിരിലെ
തടവുകാരന്‍ പരോളിനു പോകുന്നു...
നാട്ടിലേക്ക് തിരിച്ചുപോകാമെന്നൊ-
രോര്‍മ്മപോലും തണുപ്പെനിക്കേകുന്നു.

ചുട്ടുപൊള്ളുമിച്ചുടലപ്പറമ്പിലെ
ചൂടുകാട്ടിനും ചത്ത മരത്തിനും...
പച്ചരിക്കും പരിപ്പിനും ക്ലോറി-
നിട്ടൊരീപ്പച്ച വെള്ളത്തിനും വിട..

ഏറെ നാളായി..................

മാറ്റം...


പഴയതിന്നാര്‍ക്കും വേണ്ട
പുതിയത് മാത്രം മതി
പൈതൃകം മറക്കുന്നു
പാതകം പെരുകുന്നു.

മുണ്ടും ഷര്‍ട്ടും വേണ്ട
കാര്‍ഗോസും ജീന്‍സും മതി
സ്കൂട്ടറും സൈക്കിളും വേണ്ട
സ്കോര്‍പ്പിയോ മാത്രം മതി

കത്തും കമ്പിയും വേണ്ട
ഇ-മെയിലും ചാറ്റിങ്ങും മതി
ആകാശവാണിയും വേണ്ട
റേഡിയോ മാങ്കോ മതി.

കൂട്ടുകാരാരും വേണ്ട
ഒറ്റയ്ക്കിരുന്നാല്‍ മതി
അച്ഛനും അമ്മയും വേണ്ട
ഡാഡിയും മമ്മിയും മതി.

പുഴയും കുളങ്ങളും വേണ്ട
കടലില്‍ വെള്ളമുണ്ടല്ലോ...
മണ്ണും ചെളിയും വേണ്ട
തലയില്‍ വേണ്ടതുണ്ടല്ലോ.

കാടും മരങ്ങളും വേണ്ട
ടി വി യില്‍ കണ്ടാല്‍ മതി
കാറ്റില്‍ മൃഗങ്ങളും വേണ്ടൊ-
രല്‍സേഷന്‍ വീട്ടില്‍ മതി.

പണിയും ചുമയും വേണ്ട
കാന്‍സറും ഐഡ്സും മതി
ഓണവും വിഷുവും വേണ്ട
ഓര്‍മ്മയില്‍ മാത്രം മതി.

ചക്കയും മാങ്ങയും വേണ്ട
ഐസ്ക്രീമും ഷെയ്ക്കും മതി
കരിക്കിന്‍ വെള്ളം വേണ്ട
പെപ്സിയും കോളയും മതി.

കഞ്ഞിയും കപ്പയും വേണ്ട
ന്യൂടില്‍സും ലെയ്സും മതി
കളിയും ചിരിയും വേണ്ട
വിദ്വേഷം മാത്രം മതി.

കുടിലും കുപ്പയും വേണ്ട
വില്ലയും ഫ്ലാറ്റും മതി
അവധി മറ്റൊന്നും വേണ്ട
ഹര്‍ത്താലും ബന്ദും മതി.

ഇവിടെ വേറാരും വേണ്ട
"ഞാന്‍" മാത്രമെന്നും മതി
നാണവും മാനവും വേണ്ട
നാണയം മാത്രം മതി.

പ്രതികരിക്കുവാന്‍......

പ്രയമെത്താത്ത പെണ്‍കിടാങ്ങളുടെ
മാനത്തിനു വില പറയുന്നവന്റെ
കാമാക്കൊമരം തുള്ളും
ജനനേന്ദ്രിയം പിഴുതെടുക്കുവാന്‍...

തുള്ളി വെള്ളമുള്ളില്‍ ചെന്നാല്‍
അമ്മ, പെങ്ങളെ കണ്ടാലറിയാത്ത,
കണ്ണിനുള്ളില്‍ കാമം ജ്വലിക്കുന്ന
ചോരയില്ലാക്കണ്ണ്‍ ചൂഴ്ന്നെടുക്കുവാന്‍..

ആദിവാസിയെ പറഞ്ഞു പറ്റിച്ച്‌,
ആയിരം കൊല്ലം തടവിലിട്ടിട്ട്,
വോട്ടു ചോദിച്ചു വീണ്ടുമെത്തുന്ന
രാഷ്ട്രീയക്കാരനെ തൂക്കിലേറ്റുവാന്‍


മതിമറക്കും അധികാര വര്‍ഗത്തെ,
ഇരന്നുണ്ണുന്ന കൈക്കൂലിക്കാരനെ
കോഴ വാങ്ങുന്നവനെ, കുംഭകോണ വീരനെ,
ജനസമക്ഷം വിചാരണ ചെയ്യുവാന്‍....

പെറ്റമ്മയെ, പിറന്ന നാടിനെ,
മാതൃഭാഷയെ തള്ളിപ്പറയുന്ന
നാണമില്ലത്തവനെ, നന്ദിയില്ലാത്തവനെ,
നാലുപേര്‍ കണ്കെ ചാട്ടയ്ക്കടിക്കുവാന്‍...

എവിടെ നക്സലേറ്റുകള്‍?
എവിടെ കമ്മ്യൂണിസ്റ്റ് ചാവേര്‍ പോരാളികള്‍?
എവിടെ സംസ്കാരത്തിന്റെ കാവല്‍ഭടന്മാര്‍?
എവിടെ സാഹിത്യ നവോദ്ധാന സൃഷ്ടികള്‍?

പ്രതികരിക്കുവാനാരുമില്ലെങ്കിലും,
പോര്‍വിളിക്കുവാന്‍ ശബ്ദമില്ലെങ്കിലും ,
ഇല്ല മാപ്പില്ല, നിങ്ങള്‍ക് മാപ്പില്ല.
തെറ്റ് ചെയ്തവന്‍ ശമ്പളം പറ്റണം......

ഞാന്‍ ആത്മഹത്യ ചെയ്തില്ലല്ലോ.....

മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍
പാടമെല്ലാം പഠിച്ചു കഴിഞ്ഞപ്പോള്‍
സാറ് പറഞ്ഞു- " സിലബസ് മാറി. "

മാറിയ സിലബസുവെച്ച് ,
ഉള്ളതെല്ലാം പഠിച്ച് ,
പരീക്ഷയെഴുതിയപ്പോള്‍
പിറ്റേ ദിവസത്തെ പത്രം പറഞ്ഞു,
" ചോദ്യപ്പേപ്പര്‍ ചോര്‍ന്നു."

വീണ്ടും പരീക്ഷയെഴുതി ,
കിട്ടിയ മാര്‍ക്കുമായി
കോളേജില്‍ ചെന്നപ്പോള്‍
അധികാരികള്‍ പറഞ്ഞു,
" മാര്‍ക്ക് മാത്രം പോര.........!
വീട്ടില്‍ തിരിച്ചുവന്ന്,
രാത്രി,
മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി,
അച്ഛന്റെ ഫോട്ടോയ്ക്ക്‌ മുന്നിലിരുന്ന്,
അമ്മ കാണാതെ,
ഒരുപാട് നേരം കരഞ്ഞു.

രാവിലെ നേരത്തെയെണീറ്റ്,
കുളിച്ച്‌, കൂലിപ്പണിക്ക് പോകണം.
പഴയ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും
തൂക്കിവിറ്റ് ,
ഒരു നല്ല കൈക്കോട്ടുവാങ്ങണം.

നഷ്ടവും നഷ്ട സ്വപ്നങ്ങളും എനിക്ക് മാത്രം.
വ്യവസ്ഥിതി ജയിച്ചോട്ടെ.....
എനിക്ക് അഭിമാനം തോന്നുന്നു.,
എന്നിട്ടും, ഞാന്‍ ആത്മഹത്യ ചെയ്തില്ലല്ലോ.

പ്രണയം..

ഒരു കുളിര്‍കാറ്റായ്‌ , ചെറു മഴച്ചാറ്റലായ്,
മധു പകരുമതിലോല പുഷ്പമായി....
ഒരു കുയില്‍നാദമായ്, കൊലുസിന്‍ കിലുക്കമായ്,
മനസിന്റെ മഞ്ചലില്‍ കൊഞ്ചലായി.

ഇരുളില്‍തടഞ്ഞു വഴിയറിയാതെയുഴറുന്ന
പഥികന്നു പകരും വിളിക്കുപോലെ...
ഹൃദയവാനില്‍ വെള്ളിവെട്ടമായ് ചന്ദ്രന്നു-
കൂട്ടുകൂടാന്‍വന്ന വെണ്ണിലാവേ....

അവളെനിക്കൊരു വെറും പെണ്ണല്ല, കണ്ണിന്നു-
മുന്നില്‍ ഞാന്‍ കാണുന്ന രൂപമല്ല.
ഓര്‍ക്കാന്‍, ഇടയ്ക്കൊക്കെയോമാനിക്കനെന്റെ
കരളിലവളനുരാഗ ശില്‍പ്പമാണ്..

പുല്‍ക്കൊടിത്തുംപിലൊരു മഞ്ഞിന്‍കണംപോലെ,
കുടനിവര്‍ത്തും മയില്‍പ്പീലിപോലെ,
മഴകാത്തു കഴിയുന്ന വേഴാമ്പലായ് മന-
സ്സവളെ വരവേല്‍ക്കാനൊരുങ്ങിനില്‍പ്പൂ...

മനസുമുഴുവന്‍ മധുര പ്രണയമാണ്..
അത്രമേല്‍ അവളെന്റെ സ്വന്തമാണ്..
ഒറ്റയ്ക്കുകണ്ടാല്‍ പരസ്പരം മിണ്ടുവാന്‍
രണ്ടുപേര്‍ക്കും വലിയ നാണമാണ്..

അരുണോദയംപോല്‍ പ്രകാശമാനം മുഖം
അതിലേറെ മോഹനമവര്‍ണ്ണനീയം,
അതിനുള്ളിലൊരുഹൃദയമതിലുമൊരുപാതി ഞാ -
നവള്‍പോലുമറിയാതെടുത്തുവെച്ചു...

പൊഴിയാനൊരുങ്ങുന്ന മഴമേഘമായി നീ
മരുഭൂവിലൊരു മരുപ്പച്ചയായി..
ആശയായെന്നുള്ളിലാശ്വസമായി നീ-
യെത്തും പുലര്‍കാല സ്വപ്നമായി..

ഒന്നായിടുന്ന നാള്‍ കാത്തിരിക്കുന്നു ഞാന്‍
കണ്ണേ മനസ്സില്‍ നീ മാഞ്ഞിടില്ല,
പിരിയാം നമുക്കെന്നു പറയുവാനാവില്ല,
കണ്മണീ നിന്നെ ഞാന്‍ കൈവിടില്ല....

ഒരുകുളിര്‍ കാറ്റായ്‌..

കേരളം.......

കാലമേ നിന്‍റെ കൈകളില്‍കുരു-
ന്നോര്‍മ്മകള്‍ പേറി ഞാനിതാ
കേരള കൊച്ചു കേരളം ഇന്ന്
മന്നിലേറ്റവും കോമളം.

അന്‍പതാണ്ടുകള്‍ പിന്നിടുമ്പൊളെ-
ന്നന്ജനക്കടക്കണ്‍കളില്‍,
കണ്ണുനീരിന്‍റെ കഥകളില്‍ മൂക-
സാക്ഷിയായിന്നു ഞാനിതാ...

വികസനത്തിന്‍റെ പേരിലതിവേഗ-
പാതയില്‍ മാറ് പിളരവേ,
എന്നുമെന്നും വിതുമ്പുന്നു കേരളം
നിങ്ങള്‍ ചെയ്ത പാപങ്ങളില്‍.....

മാതൃഭാഷതന്‍ മാറ്റിനെക്കാള്‍
മഹത്തരം മറ്റു ഭാഷകള്‍,
എന്ന് കരുതുന്ന മൂഡരാം നിങ്ങ-
ളാങ്കലേയത്തിന്‍ നാട്ടിലോ...

കായലും കടല്‍ തീരവും കാട്ടു-
ചോലയും പൂമരങ്ങളും
കളകളം പാടിയൊഴുകിടും പുഴയി-
ലോളമിക്കൊച്ചു കേരളം.

ആര്‍ഷ സംസ്കാര മണി കിലുങ്ങുന്ന
കഥകളിക്കുടയ കേരളം,
തിറകള്‍ തെയ്യങ്ങള്‍ കൂത്തുകോലങ്ങള്‍
കെട്ടിയാടുന്ന കേരളം.

കാവ്യസാഹിത്യ ലോകമതിലളിത
രൂപ ലാവണ്യ ഭാഷയില്‍,
വാര്‍ത്തെടുത്ത ഗതകാല സൃഷ്ടികള്‍
മാറ്റൊലിക്കൊണ്ട കേരളം....

കൈത്തറിക്കുനാം സംഘടിച്ചന്നു
പാവുപായിച്ച കേരളം,
കഷ്ടമിന്നു ഖദറൊട്ടുമില്ലതിന്‍
ജന്മ നാട്ടിലെന്നോര്‍ക്കണം.

ജാതി- മതമഖില ലോകമിന്നു പല
ചേരിയായി തിരിഞ്ഞിതാ,
ഒട്ടു നോവോടെ സ്വാമി കണ്ടൊരാ
കേരളം.............ഭ്രാന്താലയം...........

അന്യരല്ലനാം എന്നുറക്കെപ്പ-
റഞ്ഞു മുന്നോട്ടു പോകണം,
പുതിയ കേരളപ്പിറവിനാളില്‍നാ-
മൊരുമനസ്സായി മാറണം.

നിന്നെ ദ്രോഹിച്ച കാട്ടുനായ്ക്കളുടെ
പേരില്‍ഞാന്‍ മാപ്പു ചൊന്നിടാം,
എന്നുമെന്നും വിളങ്ങിനില്‍ക്കുന്ന
കൈരളിക്കെന്‍റെ കൂപ്പുകൈ......

എന്നുമെന്നും വിളങ്ങിനില്‍ക്കുന്ന
കൈരളിക്കെന്‍റെ കൂപ്പുകൈ......