Pages

Saturday, February 11, 2012

കഴപ്പ് ?

..................
കണ്ണിറുക്കിയില്ല,
കമന്റടിച്ചില്ല,
കയറിപ്പിടിച്ചില്ല,
ഇരുട്ടില്‍....
വേട്ടയാടിയില്ല പെണ്ണിനെ.
 
ഇരുപതിന്‍റെ ഉണര്‍വുകള്‍,
ഇക്കിളി സ്വപ്‌നങ്ങള്‍,
ഇത്തിരി മോഹങ്ങള്‍
ചങ്ങാതിമാരോട്  പങ്കുവെച്ചു.
ആ മാന്യന്മാരൊക്കെയും
അവന് കഴപ്പാണെന്ന്
വിധിയെഴുതി.

ച'ങ്ങാ'തി

-----------------

ചിരിയില്‍ ചതിയുണ്ടെന്നറിയാന്‍
കരളില്‍ കരിയുണ്ടെന്നറിയാന്‍
കഴിയില്ല കരിക്കിന്‍വെള്ളം-
പോല്‍ നമ്പിയ ചങ്ങാതികളെ.

മുന്നില്‍ പാല്‍ പുഞ്ചിരിതൂകി-
പ്പുറകില്‍പ്പോയ് കുറ്റംപറയും
ചോറിവിടെ-ക്കൂറവിടെ പര-
നാറികളെ, പുലയാടികളെ.

ചിരിതൂകിയ ചുണ്ടുകളെന്‍ ചുടു-
ചോരയ്ക്ക് കൊതിക്കുന്നുണ്ടോ?
കൈകോര്‍ത്തുനടന്ന് കഴുത്ത്
ഞെരിക്കാന്‍ കയ്യുയരുന്നുണ്ടോ?

ഒളിയമ്പും കല്ലുകളും നട-
വഴിയില്‍ ചെറു വാരിക്കുഴിയും.
ചങ്കില്‍ ചെറു പിച്ചാത്തിപ്പിടി-
യമരും ചെഞ്ചോര തെറിക്കും.

അന്നേരമുറക്കെക്കരയും,
ഒന്നുരുളും, രണ്ട്‌ പിടയ്ക്കും,
ചങ്ങാതി ചതിച്ചെന്നറിവില്‍
വെറുതേയെന്‍ കണ്ണുതുറിക്കും.

നീയെന്‍റെ കഴുത്തും തലയും
കയ്യും ഇരു കാലുകളും പല
തുണ്ടുകളായ്‌ വെട്ടിയരിഞ്ഞു-
കഴിക്കൂ കൊതി മാറുംവരെയും.

Tuesday, July 26, 2011

മുഹമ്മദിനറിയുമോ ഒസാമ ബിന്‍ലാദനെ?

 

മുഹമ്മദിനറിയുമോ
വിശുദ്ധ ഖുറാന്‍റെ
വഴിയില്‍ ജീവിക്കുവാന്‍ ?
അഞ്ചുനേരം മുടങ്ങാതെ
നിസ്കരിക്കുവാന്‍?

ഉണ്ടായിട്ടുണ്ടോ
ചെറുപ്പത്തില്‍
ചെറിയൊരു മുറിവ്?
കേട്ടിട്ടുണ്ടോ
അല്‍- ക്വ- ഇദയെന്ന്?
മുഹമ്മദിനറിയുമോ
ഒസാമ ബിന്‍ലാദനെ?

ഉവ്വെന്നാണുത്തരമെങ്കില്‍
തീര്‍ച്ചയായും നീയൊരു
തീവ്രവാദിയാണ്....

Saturday, July 2, 2011

വലക്കണ്ണികളില്‍ തളിരിടുന്നത്

 
എത്ര ശ്രദ്ധിച്ചാലും
വലയില്‍ ചവിട്ടാതെ
നടക്കാന്‍ വയ്യെന്നായി.
കുരുക്കില്‍ അകപ്പെട്ടാലും
അറിയാതെയായി.
അറിഞ്ഞുകൊണ്ട്
വലക്കുള്ളിലേക്ക്
എടുത്തുചാടുകയുമായി.

ഭ്രാന്തന്‍ ചിന്തകള്‍
ഉറക്കെ ചിരിച്ചു.
പ്രദര്‍ശനങ്ങള്‍ക്കിടയില്‍ 
ആളറിയാതെ
മോഹങ്ങള്‍ ഇണചേര്‍ന്നു.
പ്രതികരണങ്ങള്‍
ചാപിള്ള പെറ്റു.
ഒളിയുദ്ധങ്ങള്‍ക്കൊടുവില്‍
തെളി സൌഹൃദങ്ങള്‍ വിരിഞ്ഞു.

ഉരുക്ക്ചങ്ങലകളെക്കാള്‍ ഭേദം
വലക്കണ്ണികളുടെ  മാര്‍ദ്ദവത്വമെന്ന്
മനസുകള്‍ തിരിച്ചറിഞ്ഞു.
വലയ്ക്കുള്ളിലെ സ്വകാര്യതയില്‍
പുതിയ സ്വാതന്ത്ര്യം
തളിരണിഞ്ഞു.

Saturday, May 28, 2011

വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ ഇനിമുതല്‍ "വടി" നിരോധനം നിലവില്‍ വരികയാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ചെറു കവിതയിതാ....
 
മുദ്ര.
------
മേശപ്പുറത്ത്,
ക്ലാസ്മുറിയുടെ മൂലയില്‍,
ഓഫീസിലെയും
സ്റ്റാഫ് റൂമിലെയും
ഇരുട്ടിടങ്ങളില്‍,
ഒളിച്ചും പതുങ്ങിയും
ഇടയ്ക്ക് പുറത്തിറങ്ങിയും 
ഒരുപാട് വടികള്‍
ജീവിച്ചിരുന്നു.
 
അധികാരത്തിന്‍റെ,
ഭീഷണിയുടെ,
ഭയത്തിന്‍റെ,
അടിച്ചേല്‍പ്പിക്കുന്ന
അച്ചടക്കത്തിന്‍റെ,
പേടിപ്പെടുത്തുന്ന
നിശബ്ദതയുടെ ചിഹ്ന്നമായി,
ബാല്യ ചാപല്യങ്ങളെ 
തല്ലിനോവിച്ച് 
ഒരുപാടുകാലം
അരങ്ങുവാണിരുന്നു.
 
ഇന്ന് പടിയിറങ്ങുന്നത്
വെറും വടികളല്ല.
അധ്യാപകന്‍റെ
പേടിപ്പെടുത്തുന്ന
രണ്ടാം മുഖംമൂടിയാണ്.
അധികാരത്തിന്‍റെ
ചാട്ടവാറാണ്.
 
ഇരുട്ടിടങ്ങളില്‍ ഇനി
വെളിച്ചം പുലരട്ടെ,
നിറയട്ടെ, മനസിലും
ക്ലാസ് മുറികളിലും
സ്നേഹമെന്ന
പുതിയ അധികാരമുദ്ര.

Wednesday, April 27, 2011

ഒളിവില്‍

ദൈവമേ,
നിനക്കൊരു
ഇ- മെയില്‍ ഐ ഡി,
മൊബൈല്‍ ഫോണ്‍,
ചുരുങ്ങിയതൊരു
വിലാസമെങ്കിലും
ഉണ്ടായിരുന്നെങ്കില്‍
അറിയിക്കാമായിരുന്നു,
നിന്നെക്കുറിച്ചൊരുപാട് 
കള്ളക്കഥകള്‍,
ആളുകള്‍
പറഞ്ഞു നടക്കുന്നുണ്ടെന്ന് !!!

Sunday, March 20, 2011

വട്ടന്‍ഇത്തിരി വട്ടിന്‍റെ
കോട്ടയ്ക്ക് മുകളിലാണ്
ഒത്തിരി ദൂരെനിന്ന്
നീയെന്നെ കണ്ടത്.

ചെങ്കോലും കിരീടവും
സിംഹാസനവും
എനിക്കുണ്ടെന്നത്‌
നിന്‍റെ സങ്കല്‍പ്പമായിരുന്നു.

ഞാന്‍ അവിടെയൊരു
തടവുകാരനായിരുന്നെന്ന സത്യം
മനസിലാക്കുമ്പോള്‍ മാത്രമാണ്
നീയെന്നെ തിരിച്ചറിയുക.
അന്നെന്‍റെ ശരീരം മരവിച്ചിരിക്കും.

കെട്ടിറങ്ങുമ്പോള്‍പുകച്ചുരുളുകളില്‍
ചിന്തകള്‍ മുളപൊട്ടി,
മദ്യം പകര്‍ന്ന വീര്യത്തില്‍
വിപ്ലവം വിറകൊണ്ടു,
കഞ്ചാവ് ബീഡികളില്‍
കവിതയുണര്‍ന്നു,

ഒരു രാത്രിയകലെ
ഒഴിഞ്ഞ കുപ്പികളും
ബീഡിക്കുറ്റികളും
നടക്കാത്ത സ്വപ്നങ്ങളും
കരിഞ്ഞുണങ്ങിയൊരു
കൊഞ്ഞാണന്‌ കൂട്ടിരിക്കുന്നുണ്ടാകും

വിളി

പിന്നിലെ വയലും
തൊഴുത്തിലെ പശുക്കളും
അച്ഛനെ, മുത്തശ്ശനെ.
കരിപുരണ്ട ചിമ്മിനിയടുപ്പുകളും
അടുക്കളപ്പുറത്തെ -
പച്ചക്കറിത്തോട്ടവും
അമ്മയെ, മുത്തശ്ശിയെ.
ആരും എന്നെ വിളിക്കുന്നില്ല,
ഹെഡ്ഫോണ്‍ വെച്ചതുകൊണ്ടാവാം
ഒന്നും ഞാന്‍ കേട്ടതുമില്ല.

മടുപ്പ്

ഇരിക്കുന്നു,
നിവര്‍ന്നിരിക്കുന്നു,
കുനിഞ്ഞിരിക്കുന്നു,
സമയം നോക്കുന്നു,
പലതവണ നോക്കുന്നു,
ഇരുട്ട് നിറയുന്നു,
കണ്ണടയുന്നു,
കൂട്ടുകാരന്‍ വിളിക്കുന്നു,
ക്ലാസ് കഴിഞ്ഞെന്നു പറയുന്നു....

ഉറക്കം നടിച്ചോട്ടെഗാഡനിദ്രയുടെ
ആഴങ്ങളെക്കാള്‍
കരുത്തുള്ളതായിരുന്നില്ല
നിന്‍റെ ഫോണ്‍കോളുകള്‍.

ശൂന്യതയേകിയ
മറവി നേരങ്ങളെക്കാള്‍
സുഖമുള്ളതായിരുന്നില്ല
നിന്നെക്കുറിച്ചുള്ള
ചിന്തകള്‍.

മിസ്ഡ് കോളുകള്‍
കാണുന്നുവെങ്കിലും
ഇത്തിരി നേരംകൂടി ഞാന്‍
ഉറക്കം നടിച്ചോട്ടെ...!!!

"വലിയ പടത്തലവന്‍"" നീ വികസന വിരോധി,
കാലഹരണപ്പെട്ട പുണ്യവാളന്‍,
അച്ചടക്ക രഹിതന്‍,
പാര്‍ട്ടിക്കതീതന്‍".

പൊറുക്കൂ പാപികളോട്,
വിമര്‍ശന ശരങ്ങളോട്,
കല്ലെറിഞ്ഞ കൈകളോട്,
കാലം മാറ്റിയെഴുതിയ
പ്രത്യയശാസ്ത്രത്തോട്‌.

കുത്തുവാക്കുകള്‍
കേട്ടുനില്‍ക്കുവാന്‍
സമയമില്ല, ഇനിയും
സമരമുണ്ട്, പോരാട്ടമുണ്ട്.
പ്രതികരിക്കുവാന്‍
ആദര്‍ശ ധീരനായ്‌
"വലിയ പടത്തലവന്‍"
വരിക വീണ്ടും......

Tuesday, March 1, 2011

ലേഡീസ് കമ്പാര്‍ട്ട്മെന്‍റ്


ഒറ്റ ബോഗിയുള്ള,
ഓട്ടം നിലയ്ക്കാത്ത,
കണ്ണീരു വണ്ടി.
നിറയെ ശവങ്ങള്‍.
ജീവനുണ്ട്,
സംസാരിക്കുന്നില്ല,
ശവത്തില്‍ കുത്തിയിട്ടും
പ്രതികരിക്കുന്നില്ല.
ഇടയ്ക്കിടെ,
ഒരു ഞരക്കം മാത്രം.
ഫെമിനിസ്റ്റ് ശവങ്ങള്‍
ഉറക്കെ, നിശബ്ദമൊരു
വിമോചന കവിത ചൊല്ലുന്നു.

കിളിരൂര്‍, സൂര്യനെല്ലി,
അമ്പലപ്പുഴ, തൃശ്ശൂര്‍
ഓരോ സ്റ്റെഷനില്‍നിന്നും
ആളുകള്‍ കയറുന്നു.
കൊന്നതാണ്,
നാവു പിഴുത്,
നടു തളര്‍ത്തി,
കൂര്‍ത്തൊരായുധത്താല്‍
മുറിപ്പെടുത്തി....

പ്രതിയെക്കണ്ടാലറിയാം.
തെളിവ് നല്‍കുവാന്‍,
മാറും അടിവയറും.
മൊഴി കൊടുക്കുവാന്‍,
മുലകുടി മാറാത്തൊരു കുഞ്ഞും.

Tuesday, February 15, 2011

തിരക്കുവേണ്ട, മറക്കേണ്ട....

ചിരിച്ചൊഴുകിയ പുഴയെ
കണ്ണുനീര്‍ച്ചാലാക്കി വെളിച്ചം.
മലയുടെ പള്ളക്കൊരു
കുറ്റിനാട്ടി സംസാരം.
ഭൂമി തുരന്ന്
കളറുള്ള കുപ്പിവെള്ളം.
തെരുവിലൊരു തീപ്പൊരിയില്‍
ധര്‍മ്മസമരം.

ഒളികാമറയ്ക്കു മുന്നില്‍,
ഒളിച്ചുവച്ചയിടങ്ങളില്‍,
കുഴലില്‍, അലമാരയില്‍,
കുന്നുകൂടുന്ന ഗാന്ധിത്തലകള്‍.

തിരക്കുവേണ്ട, മറക്കേണ്ട,
വികസനോല്‍സവത്തിന്‍റെ
അവസാന നാളിലാണ്
കരിമരുന്നു പ്രയോഗം.
അതുവരെ സമയമുണ്ട്.

Thursday, February 3, 2011

വിടനിന്‍റെ പൊന്‍താളുകള്‍
മനസ്സില്‍ മറിക്കട്ടെ,
സ്നേഹത്താലവിടെ ഞാന്‍
നന്ദിയെന്നെഴുതട്ടെ,

ഇടനെഞ്ചു പിടയുമ്പോള്‍
വിടയെന്നു പറയട്ടെ,
വീണ്ടുമൊത്തിരി-
ക്കാണുമെന്നാശിക്കട്ടെ....

ഞാന്‍ സമ്മതിക്കുന്നു.നിന്റെ കണ്ണീരിറ്റുവീണത്
എന്റെ കല്ലിച്ച കണ്ണിലാണ്.
നിന്റെ ചോര തെറിച്ചുവീണത്
എന്റെ മാത്രം പൊയ്മുഖത്ത്.

മാറ്പൊത്തിക്കരയുന്ന പെണ്ണിന്റെ
ചേല ഞാനാണ് കീറിയെറിഞ്ഞത്,
വഴിപിഴച്ചവള്‍ പെറ്റ കുട്ടികള്‍
എന്റെ ച്ഛായയി ലുള്ളതാണ്.

കാടുവെട്ടി തെളിച്ചെടുത്തത്‌
എന്റെകയ്യിലെ കോടാലിയാണ്,
വലിയ കുന്നുകള്‍ കാര്‍ന്നെടുത്തത്
എന്റെ യന്ത്രക്കൈകളാണ്.

കെണിയില്‍വീണ്പൊലിഞ്ഞ കര്‍ഷകന്‍
ചത്തതല്ല ഞാന്‍ കൊന്നതാണ്.
കള്ളനോട്ട് കടത്തിവിട്ടത്
വലിയ രാഷ്ട്രീയക്കുഴലിലാണ്.

പെറ്റമണ്ണിന്റെ മാറില്‍ ഞാനിന്നൊ-
രട്ടയെപ്പോല്‍ കടിച്ചുതൂങ്ങും,
ഗാന്ധിയാരാണ്? നെഹ്രുവാരാണ്?
ഗോഡ്സെ, ഞാന്‍ നിന്റെ തോഴനാണ്.

കണ്ണടച്ച് ഞാന്‍ കാഴ്ച്ച കാണട്ടെ...വാടക വീട്ടിലെ പഴയ ടെലിവിഷന്‍
വിരല്‍ത്തുമ്പില്‍ പുതിയ ചാനലുകള്‍.

ഇന്ത്യ ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു.
മൂന്നു ദിവസത്തിനു ശേഷം ഇന്ത്യാവിഷനില്‍
പുതിയ വിവാദത്തിന് തീപിടിച്ചു.
ചര്‍ച്ച, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍..
വാര്‍ത്ത വായിച്ച ചെറുപ്പക്കാരന്‍
അമിത രക്തസമ്മര്‍ദത്താല്‍ ആശുപത്രിയില്‍.

സച്ചിന്‍ സെഞ്ച്വറി തികച്ചു.
ഇന്ത്യന്‍ കായികരംഗം വളരുകയാണ്.
ഊണിനു സമയമായപ്പോള്‍, പ്രതിപക്ഷം
നിയമസഭയില്‍നിന്ന്‍ ഇറങ്ങിപ്പോയി.

ഡീല്‍ ഓര്‍ നോ-ഡീല്‍
ആര്‍ക്കോ കിട്ടാതെപോയ അമ്പതു ലക്ഷം
എന്‍റെ കണ്ണ് നനയിച്ചു....

കാതില്‍ ഭാര്യയുടെ പതറിയ സ്വരം,
ചേട്ടാ, അരിയും സാധനങ്ങളും തീര്‍ന്നു,
നാളെ പിള്ളേരുടെ ഫീസടക്കണം.
ബഹിരാകാശത്തേക്ക് വിട്ട PSLV റോക്കറ്റ്
അറബിക്കടലില്‍ പതിച്ചെന്ന്
രാത്രി വാര്‍ത്തയില്‍ കേട്ടു....................

കലികാല യൗവ്വനംഹൃദയം പൂത്ത വാസന്തം
വിടരും പൂക്കള്‍ മാനസം
പകരും നല്ല നറുമണം
പ്രായം സുന്ദര യൗവ്വനം.

കരളില്‍ കൊത്തിവെക്കുന്നു
കനവില്‍ കണ്ട ശില്‍പ്പങ്ങള്‍
ചങ്കില്‍ ചിറകടിക്കുന്നു
ചുംബനങ്ങള്‍ കൊതിക്കുന്നു.

സുന്ദരീമണി മങ്കമാര്‍
കോമളാങ്കികള്‍ നാരികള്‍
പതിവായ്‌ പുഞ്ചിരി ദായകര്‍
കണ്ണിറുക്കും കുറുമ്പികള്‍.

കാട്ടുപൂക്കള്‍ കൈനാറികള്‍
ഓര്‍ക്കിഡോര്‍കൂട്ടുകാരികള്‍
ഫേസ്ബുക്കിന്‍റെ താളുകള്‍
ഹൈടെക് പ്രണയവീഥികള്‍.

പ്രണയം പഴയൊരധ്യായം
പകരം പുതിയ പുസ്തകം
ഇന്റര്‍നെറ്റില്‍ ഇന്‍ബോക്സില്‍
സ്നേഹ സന്ദേശ കാവ്യങ്ങള്‍.

കണ്ണില്‍ കണ്ണ് കൊള്ളുന്നു
കൈകള്‍ ചേര്‍ത്തുവെക്കുന്നു
പിറവികൊള്ളാതെ പോകുന്നു
കാമക്കയ്യബദ്ധങ്ങള്‍.

കാണുംമാത്രയനുരാഗം
തൊട്ടാല്‍ ഗര്‍ഭധാരണം
നാളെക്കാലെ കല്യാണം
പിന്നെത്താലി മോചനം.

നവരസങ്ങള്‍ കൈമുദ്രകള്‍
ഉയരും കയ്യില്‍ നടുവിരല്‍
അനുകരിക്കാം വിദേശിയായ്‌
അഭിനയിക്കാമൊരന്യനായ്.

പുത്തന്‍ പുതിയ കുപ്പായം
അരയില്‍ത്താഴെ ജീന്‍സുകള്‍
ആസനം വെളിയിലാകണം
അടിവസ്ത്രങ്ങള്‍ കാണണം.

ഫാഷന്‍ ടി,വി കാണണം
കണ്ടു കണ്ണ് മിഴിക്കണം
അവളെപ്പോല്‍ നടക്കണം
മൂടും മാറുമിളകണം.

"കാണം വിറ്റുമുണ്ണണം
ഓണം" മടി മറന്നിടൂ
മാനം വിറ്റുവന്നിടൂ
നാണം മറന്നാടിടൂ.

മാറുപോലും മറയ്ക്കാത്ത
പെങ്ങളേ പെണ്‍കിടാങ്ങളേ
പീഡനങ്ങള്‍ക്ക് കാരണം
ചില്ല് കണ്ണാടി ചൊല്ലിടും.

ലൈങ്കികാനന്ദ സാഗരം
സംശയങ്ങള്‍ സമസ്യകള്‍
തെറ്റുകള്‍ മറ്റു കുറ്റങ്ങള്‍
അതിരുകാണാത്ത ചിന്തകള്‍.

ചിറകുവീശിപ്പറക്കുന്ന
കുഞ്ഞു വെള്ളപ്പിറാവുകള്‍
വെണ്‍ നിണത്തിന്‍റെ പാടുകള്‍
ചിത്രമാകുന്ന ചുവരുകള്‍.

ഉള്ളു കുളിരുന്ന കാഴ്ചകള്‍
ഉള്ളില്‍ ഉണരുന്ന സ്വപ്‌നങ്ങള്‍
മതിലുയര്‍ത്തും സമൂഹത്തില്‍
തടവുചാടുന്ന മനസുകള്‍.

സഹകരിക്കില്ല സാമൂഹ്യ-
സേവനത്തിന്നിറങ്ങില്ല
സഹനമില്ല സഹിക്കില്ല
സമയമില്ല ചിരിക്കുവാന്‍.

മദ്യം കഴിക്കാതെ നീ
ധീരനാകുന്നതെങ്ങനെ?
ഒന്ന് പുകവലിക്കാതെ നീ
പുരുഷനാകുന്നതെങ്ങനെ?

മദ്യം മരുന്നാകുന്നു
മരണം വിരുന്നാകുന്നു
കുടലും കരളും കിഡ്ണിയും
വഴിയില്‍വീണു കിടക്കുന്നു.

കുട്ടി രാഷ്ട്രീയ സംഘങ്ങള്‍
കൂട്ടിലിട്ടൊരീ കുട്ടികള്‍
കൂട്ടുകാരന്‍റെ കൂമ്പിന്‌
കത്തികേറ്റുന്ന കാഴ്ചകള്‍.

യുക്തിയില്ലാത്ത വാക്കുകള്‍
മുക്തിയില്ലാത്ത ചെയ്തികള്‍
ശക്തിയില്ലാതെ യൗവ്വനം
യുദ്ധഭൂമിയില്‍ നില്‍ക്കുന്നു.

കഥയിതെന്തെന്നറിഞ്ഞിടാ-
താട്ടമാടുന്ന നിങ്ങളെ
തെറ്റുപറയില്ല മക്കളേ....
കാലം കലികാല യൗവ്വനം.

ജനനംഗര്‍ഭപാത്രത്തിന്‍റെ
ഇടുങ്ങിയ ചുവരുകളില്‍
ചവിട്ടിയും തൊഴിച്ചും
സ്വാതന്ത്ര്യസമരം നടത്തിയ
എന്നെ അവര്‍ പുറത്തെടുത്തു,

കണ്ണു തുറക്കും മുന്‍പേ
അവരെന്‍റെ ജാതകം കുറിച്ചു.
ഇടംകയ്യില്‍ ജാതിയും
വലംകയ്യില്‍ മതവും
പച്ചകുത്തി.

ചുണ്ടുകള്‍ തുന്നിക്കെട്ടി,
ചെവിയില്‍ പഞ്ഞിവെച്ച്,
കൈകളും കാലും ബന്ധിച്ച്,
പൂര്‍ണ്ണ സ്വാതന്ത്ര്യമനുവദിച്ചു.!!!

പട്ടികള്‍ ഇനിയും കുരച്ചുകൊണ്ടേയിരിക്കും....


ചരിത്രം പഠിച്ചവര്‍ക്കറിയാം, ഇവര്‍
പണ്ടേ കുരയ്ക്കാന്‍ തുടങ്ങിയതാണ്‌.
ഇന്നും കുരയ്ക്കുകയാണ്....
നാളെയും കുരയ്ക്കുകമാത്രം ചെയ്യും....
ഒരിക്കല്‍പ്പോലും ഒന്ന് കടിക്കാതെ,
പല്ലുകൊഴിഞ്ഞ മോണകൂട്ടി
ഒന്നു കമ്മി, ഓടിമറയാതെ,
ഇടവേളകളിലെ എല്ലിന്‍കഷ്ണങ്ങളില്‍
തൃപ്തിപ്പെട്ട്‌,
യജമാനന്റെ കാലുകള്‍ നക്കിത്തുടച്ച്,
പാരതന്ത്ര്യത്തിന്‍റെ തടവുചാടാന്‍
ഒരു പാഴ്ശ്രമംപോലുമില്ലാതെ,
ആറു പതിറ്റാണ്ടുകള്‍ക്കിപ്പുറം
ഇന്നുമീ വാര്‍ദ്ധക്യത്തില്‍
കുരച്ചുകൊണ്ടിരിക്കുന്നു,
ശബ്ദംപോലും കവര്‍ന്ന്
രാത്രിഞ്ചരന്മാര്‍ കടന്നുപോയതറിയാതെ....

ആധുനിക കവിത

മനസു കുത്തിവരച്ച വാക്കുകള്‍
കണ്ടുചൊന്നിതു കവിതയല്ല.
കണ്ണുനീര് പൊഴിഞ്ഞതാളുകള്‍
കണ്ടുചൊന്നിതും കവിതയല്ല.
താളമേകി ഞാന്‍ ജീവനേകി-
വരച്ചുവെച്ചതും കവിതയല്ല.
ചങ്കുകീറിത്തുറന്നുവെച്ചു-
പറഞ്ഞതും കവിതയായതില്ല.
എന്തുവേണമൊരു കവിതയെഴുതുവാന്‍,
ആധുനികത നിറഞ്ഞുനില്‍ക്കണം.
ഉത്തരാധുനികത മുറ്റിനില്‍ക്കണം,
വായനക്കാര്‍ പകച്ചുനില്‍ക്കണം.

പടിയിറങ്ങാതെ......മുറി വൃത്തിയാക്കിയപ്പോള്‍
പ്രേമലേഖനങ്ങള്‍,
കുളിച്ചപ്പോള്‍
ഗന്ധം, ചുംബനങ്ങള്‍,
ഉടുപ്പൊന്നു കുടഞ്ഞപ്പോള്‍
തലമുടിയിഴകള്‍,
അടുപ്പില്‍, എരിതീയില്‍
പിറന്നാള്‍ സമ്മാനം,
എന്നിട്ടും പടിയിറങ്ങാതെ,
പറിച്ചെറിയാനാവാതെ,
മനസ്സില്‍ നിന്‍റെ പ്രണയം....

പെണ്‍സുഹൃത്ത്.

(സൗഹൃദം എന്ന വാക്കിന്‍റെ വിലയിടിക്കുവാന്‍വേണ്ടിയുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമമല്ല. ഒരു ഫോണ്‍കോളില്‍ ആരംഭിച്ച് പടര്‍ന്നു പന്തലിക്കുന്ന സൌഹൃദങ്ങള്‍ (വൈകൃതങ്ങളും) ഒരു യാഥാര്‍ത്യമാണ്.)

ഓര്‍ത്തിരിക്കാത്ത നേരത്ത് ചാരത്ത്
പെണ്ണൊരുത്തി പറന്നണഞ്ഞെന്നില്‍
കണ്ടതില്ല ഞാന്‍ കണ്ണാലെയെങ്കിലും
തൊട്ടറിഞ്ഞെന്‍റെയുള്ളാലെയിന്നലെ.

കള്ളിയവളെന്‍റെ ഉള്ളിന്‍റെയുള്ളിലെ-
ക്കരളുകൊത്തിപ്പറന്നുപോയെങ്കിലും,
പകരമായിഞാനാപ്പെണ്‍ മനസ്സിന്‍റെ-
യുള്ളില്‍ ചൂണ്ട കൊളുത്തിയെറിഞ്ഞതും.

കൂട്ടുകാരിയായ് കൂടെ നടന്നവള്‍,
കൂട്ടിലോ എന്‍റെ കൂടെക്കിടന്നവള്‍.
കൌതുകത്തോടെ കലഹിച്ചു കണ്ണിലെ-
ക്കാമമെന്നേ തിരിച്ചറിഞ്ഞെന്നില്‍ നീ.

സൌഹൃദത്തിന്നതിരുകള്‍ ലംഘിച്ച്
പുതിയ ചങ്ങാത്ത നിയമങ്ങളെഴുതി നാം,
ചങ്കുകീറിപ്പരസ്പരം കൈമാറി,
മറകളില്ലാതെ മനസുകള്‍ കൈമാറി.

പങ്കുവെച്ചു, പറഞ്ഞുനാം കാമവും,
കാട്ടുവഴിയിലെക്കാരാഗൃഹങ്ങളും.
തൊട്ടുനോക്കി, എന്‍ കൈകള്‍ തരിക്കുന്നു,
ചുട്ടുപൊള്ളുന്നു, ദേഹം വിറയ്ക്കുന്നു.

കൌതുകങ്ങള്‍, രഹസ്യങ്ങള്‍ നമ്മളില്‍,
ചലനമുണ്ടാക്കുമോരോ വികാരങ്ങള്‍.
ഏറെനാളായുറക്കമിളച്ചതും
ഏറ്റുമുട്ടിത്തളര്‍ന്നു നാം വീണതും.

കപടമൂല്യ സദാചാരബോധങ്ങള്‍
കടലില്‍ മുക്കണം തീയില്‍ക്കരിക്കണം,
കടലിനക്കരെ ക്കാണുന്ന കാഴ്ചകള്‍
കടമെടുക്കണം, കാലം കഴിക്കണം.

റീചാര്‍ജ്മൂന്നു മാസംകൊണ്ട്
മൂവായിരം രൂപയ്ക്ക്
റീചാര്‍ജ് ചെയ്തു,
മൂന്നുപേരെ വിളിച്ചു.

നിന്നെ,

ഈസി റീചാര്‍ജ് ചെയ്യുന്ന
മനോജേട്ടനെ,

നിനക്കയച്ച മെസേജുകള്‍
എന്‍റെ ഫോണില്‍ത്തന്നെ
കുടുങ്ങി കിടന്നപ്പോള്‍,
കസ്റ്റമര്‍കെയറിലെ ചേച്ചിയെ..